ഇടംകൈയ്യാലുടല് താങ്ങി
പടിഞ്ഞുപവസിച്ചാവാം
ചിലന്തിപ്പന്തലേറി നീ
മെലിഞ്ഞു-ഖാദിശാലയില്
ചരിത്രക്ലാസ്സിലെച്ചോദ്യ-
ശരശയ്യയിലുത്തരാ-
യനം കാത്തുകിടന്നേറെ
കടന്നു-കാലമങ്ങനെ..
നിനക്കൊപ്പം നിഴലാന-
ക്കൂട്ടമെപ്പോഴുമെങ്കിലും
നിലംതൊട്ടു നടന്നെങ്ങും
പടര്‍ന്നു നിന്റെ വേരുകള്‍
പരുത്തി പൂത്തപോലെത്തി
കരുത്താല് കെട്ടഴിക്കുകെ-
ന്നൊരുത്തി പടിവാതിലില്‍
പരപീഡനമേറ്റവള്.
നിമിഷം നൂറ്റെടുക്കുമ്പോള്
പിരിഞ്ഞു പല ധാരകള്‍
സമരത്തറി നൂലോടി-
പ്പിണഞ്ഞൂ പല നാടുകള്‍
കടലുപ്പു നിവേദിച്ചു
ദണ്ഡിയില്‍;കയ്പു നീരിതാ-
കരിമ്പിലൂറി നില്ക്കുന്നു
-ചമ്പാരനെ രുചിക്കുക.
പരുത്തിപ്പാടമൊക്കെയും
ചുവന്നു-ചോരയാല്‍ നദി
കവിഞ്ഞു-ഗുഹസംഗമം
കാത്തു നീ ഏറെ നാളുകള്‍.....
തിരിഞ്ഞു പിന്നെയും കാലം;
തെരഞ്ഞു നിന്മുഖം-ഭിത്തി-
മെഴുക്കില്‍ മാഞ്ഞു-കണ്ണട,
വടി,പാദുകമൊക്കെയും.
ഹൃദയം ശിലയാക്കി ഞാന്‍
നിന്റെ വാക്കുളി പോറുവാന്‍
ഖാദിശാലയില് ആദര്‍ശ-
ക്കെട്ടു വീണ്ടും അലക്കുവാന്‍
കിഴിവില്‍ വിറ്റുതീരുന്നു
നൂറ്റ നൂലുകളെങ്കിലും
മറയുന്നീലെന്റെ നാണം
നിലക്കണ്ണാടി വാതിലില്‍.
Monday, August 3, 2009
Subscribe to:
Post Comments (Atom)
അക്ഷരങ്ങളിലൂടെ വരഞ്ഞ ഗാന്ധിജി.നന്നായി.
ReplyDeleteകൊള്ളാം.നന്നായിട്ടുണ്ട്.
ReplyDelete-അരിശന്