Sunday, August 9, 2009

ജപ്തി

കാറ്റുരുട്ടിയ പാഴില പാറി
പാമ്പിഴഞ്ഞു മറഞ്ഞതായ് തോന്നി
ചൂലിഴയാത്ത മുറ്റത്തു കുപ്പി-
ച്ചില്ലു പൊട്ടി മുളച്ചതായ് തോന്നി.

തൊട്ടയല്പക്കമില്ലാത്ത വീട്
കുട്ടികള്‍ ഒച്ചവെയ്ക്കാത്ത വീട്
പെറ്റിരട്ടിച്ച പൂച്ചകള്‍ വീഞ്ഞ-
പ്പെട്ടി മാന്തി പൊളിക്കാത്ത വീട്.

കെട്ടിരുണ്ടതാം സൂര്യന്‍ ചിലന്തി-
ക്കുട്ടയില്‍ കുടുങ്ങിക്കിടപ്പുണ്ട്
കര്‍ക്കിടക മഴകാത്ത് മണ്ണെണ്ണ-
ക്കുപ്പികള്‍ ഇറയത്തിരിപ്പുണ്ട്.

ഭിത്തിയില്‍ ഒച്ചിഴഞ്ഞ ലിപികള്‍-
ക്കൊക്കെയും വടിവൊക്കുവാനുണ്ട്
ഉത്തരത്തിലവ്യക്തമെന്നാലും
കൊത്തിവച്ചിരിപ്പൂ നഷ്ടകാലം.

-എങ്കിലും,കണ്ടൊരോര്‍മ പുതുക്കാന്‍
ചെമ്പരത്തി ചിരിച്ചു നില്‍പ്പുണ്ട്
കുപ്പ കൊത്തിക്കിളയ്ക്കും കിളിക്കു കല്‍-
ച്ചട്ടികള്‍ കോരി വച്ചിരിപ്പുണ്ട്.

ഒക്കെയും നിറഞ്ഞോര്‍ക്കാപ്പുറത്തേ-
യ്ക്കുറ്റുനോക്കുമേകാന്തത മാത്രം
ജപ്തി നോട്ടീസ്സിലൊപ്പിട്ടുവാങ്ങാന്‍
എപ്പൊഴും കൈകള്‍ നീട്ടിനില്‍പ്പുണ്ട്.

No comments:

Post a Comment