ചെരുപ്പൂരേണ്ട ചങ്ങാതീ
ചരലും ചെളിയുമല്ലിത്
-കളയൂ സ്ഥലജലഭ്രമം
മിനുപ്പ്-ഓളം മിടിക്കുന്ന
മൊസേക്കു ചതുരങ്ങളില്‍
കാലുരയ്ക്കെ തുളുമ്പുന്നു
കണ്ണില്‍ മുഖപരിചയം
കഴുത്തറ്റം കടത്തിന്റെ
കടല്‍-അക്വേറിയം
കോരിക്കുടിക്കാന്‍
ഉപ്പു ഞാനേറെ
തിന്നു മത്തു പിടിക്കവേ
എത്തി നോക്കേണ്ട ചങ്ങാതീ
ഒളിവും മറവുമില്ലിതില്‍....
ഇരിക്കും മുമ്പഴിച്ചെന്നോ
വഴിയാത്രാവിശേഷങ്ങള്‍
ഉപ്പും മധുരവും മാറ്റി
കയ്പുനീരിതു മൊത്തുവാന്‍
മടിക്കേണ്ട ചങ്ങാതീ
തണുപ്പും ചൂടുമല്ലിത്.
മുഖമാകെ തെറിച്ചെന്നോ
പൈപ്പിലെ ചോര
മുന്‍പു ഞാന്‍
പറഞ്ഞില്ലേ പലമട്ടാ-
ണൊഴുക്കീ ടാപ്പിലൊക്കെയും
ഞെട്ടി മാറേണ്ട ചങ്ങാതീ
ചതിയും ചായവുമല്ലിത്.
ഊണുമേശപ്പുറമാകെ
നിരന്നുത്സവരുചികള്‍
നാം വിശപ്പു മുക്കിയുണ്ണുന്നു
വീണ്ടും വീണ്ടുമോര്‍മകള്‍
വിലക്കേണ്ടതു ചങ്ങാതീ
കൊഴുപ്പധികമില്ലതില്‍.
കിടക്കുമ്പോള്‍
അണയ്ക്കേണ്ടീ വെളിച്ചം
ആണ്ടുപോയേക്കും
വിചാരക്കയമെത്തിയാല്‍
ഇരുട്ടെന്നലറേണ്ട നീ
ഉറക്കം മാത്രമില്ല
-ഇന്‍സ്റ്റാള്‍മെന്റ് മയക്കം-
നീ മറക്കേണ്ട പതിവ്
എണ്ണിക്കുറയും ക്യാപ്സൂള്‍
വിഴുങ്ങിക്കോളു ചങ്ങാതീ
വിലക്കപ്പെട്ട ജീവിതം.
Saturday, August 1, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment