Wednesday, July 29, 2009

മെറ്റല്‍ ഡിറ്റക്ടര്‍

ഇനി മുട്ടുണ്ടാവില്ല.
വാതില്‍ തുറന്നേ കിടക്കും
കാവല്‍ വഴിമാറി നില്‍ക്കും.

നാടകത്തറയിലെ എടുപ്പുക‍ള്‍ പോലെ
ലോഹ കവാടങ്ങള്‍
ചുവരിനെ മായ്ച്ചു കളയും.
മുന്നിലും പിന്നിലും നരച്ച ആകാശം,
തിളച്ച വെയില്‍
കാറ്റു വിഴുങ്ങിയ പാമരം പോലെ
വില്ലിച്ചുകൊണ്ടേയിരിക്കും.

അലങ്കാരക്കാഴ്ചയ്ക്കും
അമ്പലപ്പുഴ വേലയ്ക്കും
ഇനി തള്ളിക്കയറേണ്ടി വരില്ല.
അറവുശാലയിലേക്കും
ആശുപത്രിയിലേക്കും
ഒരേ പാസു മതിയാകും.
ഓഹരിപ്പുരയില്‍ നിന്നു നേരേ
സെമിത്തേരിയിലെ ലേലം കാണാന്‍
ഏകജാലകം നിലവില്‍ വരും.

പിടിക്കപ്പെടാതിരിക്കാന്‍
നന്നേ പാടു പെടേണ്ടി വരും.
ചോര ചോരയെ തിരിച്ചറിയും പോലെ
ലോഹം ലോഹത്തെ,
വാതില്‍ വിരുന്നുകാരെ-
ഒറ്റിക്കൊണ്ടിരിക്കും.

ഒളിച്ചു കടത്താനായില്ലെന്നു വരാം
സ്നേഹത്തിന്റെ അയിരു പോലും.

1 comment: